ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ്! 5000 അപേക്ഷകരിൽ നിന്ന് 150 പേരുടെ അന്തിമ പട്ടിക റെഡി

മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനായുള്ള അന്തിമ പട്ടികയ്ക്ക് പാർട്ടി നേതൃത്വം രൂപം നൽകി. അഞ്ച് ലീഗ് മന്ത്രിമാരുടെ സ്റ്റാഫിലേക്ക് നിയമനം നേടുന്നതിനായി അയ്യായിരത്തോളം പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നും വിശദമായ പരിശോധനകൾക്ക് ശേഷമാണ് 150 പേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ ഉപസമിതി തയ്യാറാക്കിയത്. ഈ ലിസ്റ്റിൽ നിന്ന് വേണം മന്ത്രിമാർ തങ്ങളുടെ സ്റ്റാഫംഗങ്ങളെ തിരഞ്ഞെടുക്കാനെന്ന് പാർട്ടി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ, പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്പര്യപ്രകാരം അദ്ദേഹത്തിന്റെ സ്റ്റാഫിലേക്ക് മാത്രമായി ഏഴ് പേരുടെ മറ്റൊരു പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

യോഗ്യതയും അർഹതയുമുള്ള പാർട്ടിക്കാർ തഴയപ്പെടാതിരിക്കാൻ വളരെ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ഇത്തവണ ലീഗ് നടപടികൾ പൂർത്തിയാക്കിയത്. പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ നിന്ന് ലഭിച്ച ശുപാർശകൾ ജില്ലാ കമ്മിറ്റികൾ വഴി സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഒരു പ്രൊഫഷണൽ ഏജൻസിയുടെ സഹായത്തോടെ മൂന്ന് തവണ പുനഃപരിശോധിച്ച ശേഷമാണ് അന്തിമ ലിസ്റ്റ് തയാറാക്കിയത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവർക്കായിരുന്നു ഇതിന്റെ മേൽനോട്ട ചുമതല.

വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ജനറൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാവുന്ന ഉദ്യോഗസ്ഥരും ഈ 150 പേരുടെ പട്ടികയിലുണ്ട്. അതത് വകുപ്പുകൾക്ക് കീഴിലുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുമ്പോൾ പാർട്ടി സർവീസ് സംഘടനകളുടെ അഭിപ്രായം കൂടി തേടണമെന്ന് നിർദേശമുണ്ട്. ഒരു മന്ത്രിക്ക് പരമാവധി 30 സ്റ്റാഫുകളെ വരെ നിയമിക്കാൻ അനുവാദമുണ്ടെങ്കിലും യു.ഡി.എഫിലെ പൊതുധാരണയ്ക്ക് വിധേയമായിട്ടായിരിക്കും അന്തിമ എണ്ണം നിശ്ചയിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള നിയമന ഉത്തരവുകൾ ജൂൺ ഒന്ന് മുതൽ നൽകിത്തുടങ്ങാം.