നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; ക്രൂരമർദനത്തിനിരയായെന്ന് സ്ഥിരീകരണം, അമ്മയും പങ്കാളിയും കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര ഒന്നര വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിനെ അമ്മയുടെ പങ്കാളി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് അഷ്കർ ആശുപത്രിയിൽ നൽകിയ മൊഴി. എന്നാൽ, പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തി. മർദനമേറ്റതിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ നേരത്തെ തന്നെ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. രണ്ടാനച്ഛൻ അഷ്കർ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.