മഴക്കെടുതിയിൽ വലഞ്ഞ് തിരുവനന്തപുരം; അടിയന്തര നടപടിക്ക് മന്ത്രിതല യോഗം നാളെ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഒറ്റമഴയിൽ മുക്കിയ രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധിയിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അടിയന്തര ഇടപെടൽ. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നാളെ (ചൊവ്വാഴ്ച) മൂന്ന് മന്ത്രിമാർ പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും.
തമ്പാനൂർ, ചാക്ക ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വെള്ളക്കെട്ടുണ്ടാകാനുള്ള കൃത്യമായ കാരണം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളീധരൻ എന്നിവരുമായി ജലവിഭവ വകുപ്പ് മന്ത്രി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ മൂന്ന് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്.