ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അക്രമത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി. കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, കേസ് ഉടൻ തന്നെ സി.ബി.ഐക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യത്തെ കോടതി ശക്തമായി ചോദ്യം ചെയ്തു. രാജ്യത്തിന്റെ ഫെഡറൽ ഘടനയനുസരിച്ച് ക്രമസമാധാനവും പ്രാഥമിക അന്വേഷണവും സംസ്ഥാന പോലീസിന്റെ ചുമതലയാണെന്ന് കോടതി ഓർമ്മിപ്പിച്ചു. സംഭവം നടന്നിട്ട് പത്തു ദിവസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. അതിനുള്ളിൽ തന്നെ പോലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പറയുന്നത് അപക്വമാണ്.

സുതാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സി.ബി.ഐ അന്വേഷണം പോലുള്ള കാര്യങ്ങൾ ആലോചിക്കേണ്ടതുള്ളൂ. ഹർജിക്കാരൻ വളരെ നേരത്തെയാണ് ഈ ആവശ്യവുമായി എത്തിയിരിക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന പോലീസിന് അന്വേഷിക്കാൻ സമയം നൽകണമെന്നും പത്തു ദിവസത്തിനകം സി.ബി.ഐ അന്വേഷണം വേണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജി രണ്ട് ആഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.