അന്തരിച്ച പ്രിയ നടൻ സലിം കുമാർ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണെന്ന് മുഖ്യമന്ത്രി

അന്തരിച്ച പ്രിയ നടൻ സലിം കുമാർ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ വലിയൊരു നഷ്ടം കൂടിയാണെന്നും സഹോദരതുല്യനായ ഒരാളെയാണ് തനിക്ക് നഷ്ടമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ടൗൺഹാളിലെത്തി നടന് അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും തന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസുകൾ ഉദ്ഘാടനം ചെയ്തിരുന്നത് സലിം കുമാറായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു. അത് തന്റെ അവകാശമാണെന്നായിരുന്നു സലിം എപ്പോഴും പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സലിം കുമാറിന്റെ രാഷ്ട്രീയ നിലപാടുകളെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേകം സ്മരിച്ചു. കക്ഷി രാഷ്ട്രീയ ബോധ്യത്തിൽ ഒട്ടും വെള്ളം ചേർക്കാത്ത വ്യക്തിയായിരുന്നു സലിം കുമാർ. അവസാന ശ്വാസം വരെ ഉറച്ച രാഷ്ട്രീയ ബോധ്യത്തിൽ തന്നെയാണ് എന്റെ സ്നേഹിതൻ നിലകൊണ്ടത് എന്ന കാര്യത്തിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ഇത്ര പെട്ടെന്ന് ഒരു വിടപറച്ചിൽ ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സലിം കുമാറിന്റെ കുടുംബത്തെ എപ്പോഴും ചേർത്തുനിർത്തുമെന്നും ഉറപ്പുനൽകി.