കേരള നിയമസഭയിലെ കാര്യങ്ങൾ വിചിത്രമായി തോന്നി, ചർച്ച ചെയ്യുന്നത് കാലഹരണപ്പെട്ട വിഷയങ്ങൾ

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ സമീപനങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. കേരള നിയമസഭയിലെ തന്റെ ആദ്യ സമ്മേളനാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഭരണ-പ്രതിപക്ഷ കക്ഷികൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
മൂന്ന് തവണ ലോക്സഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്ന താൻ ആദ്യമായി എം.എൽ.എ എന്ന നിലയിൽ കഴിഞ്ഞ ജൂൺ ഒന്നിനാണ് നിയമസഭയിൽ പ്രവേശിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു. സംഭവബഹുലമായ സഭാസമ്മേളനമായിരുന്നുവെങ്കിലും ചില രാഷ്ട്രീയ നേതാക്കളുടെ സമീപനമാണ് തനിക്ക് ഏറ്റവും വിചിത്രമായി തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാറുന്ന ലോകസാഹചര്യങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
ലോകം അതിവേഗം കൃത്രിമ ബുദ്ധിയുടെ യുഗത്തിലേക്ക് മുന്നേറുകയും പുതിയ നിക്ഷേപ-തൊഴിൽ സാധ്യതകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ, കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും കാലഹരണപ്പെട്ട വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസനവും നിക്ഷേപവും തൊഴിലവസരങ്ങളും ചർച്ച ചെയ്യുന്നതിന് പകരം അനാവശ്യ രാഷ്ട്രീയ വിവാദങ്ങളാണ് സഭയിൽ ഉയർത്തിക്കൊണ്ടുവരുന്നത്.
സാമ്പത്തിക ധവളപത്രത്തെ എതിർക്കുന്ന സി.പി.എം നേതാക്കൾ സർക്കാർ രേഖകൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ബി.ജെ.പി സംസ്ഥാനത്ത് നേടിയ വിജയത്തിന്റെ പേരിൽ പരസ്പരം കുറ്റപ്പെടുത്തുന്ന കോൺഗ്രസും സി.പി.എമ്മും തങ്ങൾ രാഷ്ട്രീയ സഖ്യത്തിലാണെന്ന യാഥാർഥ്യം മറക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് വിജയികളെ തീരുമാനിക്കുന്നതെന്ന വസ്തുത ഇരുപാർട്ടികളും ഓർക്കണം. സംസ്ഥാനം വലിയ തോതിലുള്ള വിലക്കയറ്റവും സാമ്പത്തിക വെല്ലുവിളികളും നേരിടുമ്പോൾ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
18 വർഷത്തെ പാർലമെന്റ് പ്രവർത്തന പരിചയത്തിനിടെ രാഷ്ട്രീയത്തിലെ പല അനുഭവങ്ങളും കണ്ടിട്ടുണ്ടെങ്കിലും, കേരള നിയമസഭയിലെ ചില ചർച്ചകളും സമീപനങ്ങളും തികച്ചും പുതിയ അനുഭവമായിരുന്നു. കേരളത്തിലെ ഈ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരികയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കൃത്രിമ വിവാദങ്ങൾക്കും അനാവശ്യ രാഷ്ട്രീയ ചർച്ചകൾക്കും പകരം പ്രവർത്തന മികവും വികസന അജൻഡയും മുൻനിർത്തിയുള്ള രാഷ്ട്രീയം ശക്തിപ്പെടുത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.