ആരോപണം അടിസ്ഥാനരഹിതം; മുഖ്യമന്ത്രി വിഷയത്തെ തെറ്റായി മനസ്സിലാക്കിയെന്ന് ശിവൻകുട്ടി”

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും മുൻ എൽ.ഡി.എഫ് സർക്കാർ വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പദ്ധതി ഫണ്ട് കൈപ്പറ്റിയെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ ശിവൻകുട്ടി, പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ മുൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ഔദ്യോഗിക രേഖകൾ ചൂണ്ടിക്കാട്ടി വിശദീകരിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതു സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്രത്തിൽ നിന്ന് വാങ്ങിയത് എസ്.എസ്.കെ ഫണ്ട് മാത്രമാണ്. പിഎം ശ്രീ പദ്ധതി നടപ്പാക്കണമെങ്കിൽ സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറണമായിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാർ അങ്ങനെയൊരു പട്ടികയും നൽകിയിട്ടില്ല.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകില്ലെന്ന് കാണിച്ച് എൽ.ഡി.എഫ് സർക്കാർ ആദ്യം തന്നെ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നതാണ്. പിന്നീട് മന്ത്രിസഭ യോഗം ചേർന്ന്, പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർണ്ണമായി മരവിപ്പിക്കാൻ കേന്ദ്രത്തിന് വീണ്ടും കത്ത് നൽകി. ഇവയെല്ലാം കൃത്യമായ സർക്കാർ രേഖകളായി ഓഫീസുകളിൽ നിലവിലുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, പദ്ധതിയെക്കുറിച്ച് പഠിക്കാൻ പുതിയ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ വയ്ക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.