ശബരിമലയിൽ അരവണ ക്ഷാമമുണ്ടാകില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ!

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി ശബരിമല നടതുറക്കുമ്പോൾ അരവണ വിതരണത്തിന് യാതൊരു പ്രതിസന്ധിയുമുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമലയിൽ അരി കുറവാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. നിലവിൽ തന്നെ ആയിരം കിലോ അരി സന്നിധാനത്തുണ്ട്. ഇന്നും നാളെയുമായി കൂടുതൽ അരി എത്തിക്കുമെന്നും അരവണ ക്ഷാമം ഉണ്ടാകുമെന്നത് ചിലർ ബോധപൂർവ്വം പരത്തുന്ന വ്യാജ വാർത്തകൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്തർക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും, ആവശ്യത്തിനുള്ള അരി എത്തിക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും കെ. ജയകുമാർ അറിയിച്ചു. മറ്റന്നാൾ മുതൽ അരവണ ഉൽപാദനം ആരംഭിക്കും. എത്രയധികം ഭക്തർ എത്തിയാലും അവർക്ക് ആവശ്യമായ അരവണ സന്നിധാനത്ത് ഉറപ്പാക്കും. പത്ത് ലക്ഷത്തിൽ താഴെ ടിൻ അരവണ നിർമ്മിച്ച് കരുതാനാണ് ലക്ഷ്യമിടുന്നത്.
അരവണ നിർമ്മാണത്തിന് ആവശ്യമായ ഉണക്കലരി ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 15,000 കിലോ ഉണക്കലരി നാളെ പമ്പയിൽ എത്തിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം സന്നിധാനത്തേക്ക് കൊണ്ടുപോകും. നവീകരണ ജോലികൾ പൂർത്തിയായ അരവണ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതോടെ, ഉൽപന്നങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കി ഉടൻ തന്നെ നിർമ്മാണം തുടങ്ങുമെന്നും ബോർഡ് വ്യക്തമാക്കി.