നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണം; മിനി കൂപ്പർ ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. പ്രതി സുഹൈൽ സജീവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെുത്തിട്ടുള്ളത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നും കർശനമായ നടപടി ഉണ്ടാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അരുൺ ബി.കെ. വ്യക്തമാക്കി. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇവർ രാജഗിരി കോളേജിലെ വിദ്യാർത്ഥികളാണ്. അപകടത്തിന് കാരണമായ മിനികൂപ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതി സുഹൈൽ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ലഹരി ഉപയോഗ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി പ്രതിയുടെ രക്തസാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.