ചേരാനല്ലൂർ അപകടം: നീതികിട്ടുംവരെ നിരാഹാര സമരത്തിന് ജയബാലകൃഷ്‌ണന്റെ കുടുംബം, മുഖ്യമന്ത്രിക്ക് പരാതി നൽകും

കൊച്ചി: 17കാരനായ ജഡ്‌ജിപുത്രൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്‌ണന്റെ (55) കുടുംബം നിരാഹാര സമരത്തിന്. ജയബാലകൃഷ്‌ണന്റെ മകൾ ഭദ്ര കീർത്തിയാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. നീതിലഭിക്കും വരെ നിരാഹാര സമരം നടത്തുമെന്ന് ഭദ്ര കീർത്തി പറഞ്ഞു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണം. പിതാവിന്റെ മൃതദേഹം ലഭിക്കുംമുൻപ് തന്നെ കുറ്റക്കാരനായ 17കാരന് ജാമ്യം ലഭിച്ചതിനെ ഭദ്ര കീർത്തി ചോദ്യം ചെയ്‌തു. നീതിക്കായി മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് കണ്ട് പരാതി നൽകുമെന്ന് അവർ അറിയിച്ചു.

കൊച്ചി കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ മാരാപ്പറമ്പ് ഭാഗത്ത് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിലാണ് സ്‌കൂട്ടർ യാത്രികനായ സൗത്ത് ചിറ്റൂർ നെല്ലുവേലിൽ പുത്തൻപറമ്പ് വീട്ടിൽ ജയബാലകൃഷ്‌ണൻ മരിച്ചത്. ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുന്നയാളായിരുന്നു ഇദ്ദേഹം. രാത്രിയിൽ വിവിധ പ്രതിപക്ഷ സംഘടനകൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് 17കാരനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു.

പിന്നാലെ ഇയാൾക്ക് വീണ്ടും ജാമ്യം ലഭിച്ചു. അതേസമയം വാഹനഉടമയായ മോ​ട്ടോ​ർ​ ​ആ​ക്‌​സി​ഡ​ന്റ് ​ക്ലെ​യിം​സ് ​ട്രൈ​ബ്യൂ​ണ​ലി​ന്റെ​ ​ചു​മ​ത​ല​കൂ​ടി​യു​ള്ള​ ​അ​ഡീ​ഷ​ണ​ൽ​ ​ജി​ല്ലാ​ ​ജ​ഡ്ജി​യുടെ പേരിൽ കേസെടുക്കുമോ എന്നതിൽ ഇന്ന് തീരുമാനം അറിയാം.ശക്തമായ വിമർശനമാണ് അപകടത്തിനിടയാക്കിയ 17കാരന്റെ പിതാവിനെതിരെയും പൊലീസിനെതിരെയും മരണപ്പെട്ട ജയബാലകൃഷ്‌ണന്റെ കുടുംബം നടത്തിയത്.

മുൻപൊരിക്കൽ പൊലീസ് സ്റ്റേഷനിൽ പരാതിനൽകാനായി പോയ തനിക്കും പിതാവിനും നേരെ മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും ഭദ്ര കീർത്തി പ്രതികരിച്ചു. ലൈസൻസില്ലാത്ത മകന് വാഹനം നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ട’ എന്നാണ് ജഡ്ജി പ്രതികരിച്ചതെന്ന് ജയബാലകൃഷ്ണന്റെ അനന്തരവൾ ജയലക്ഷ്മി ആരോപിച്ചു. പ്രതിയുടെ പിതാവ് ജഡ്ജിയാണെന്ന് അറിഞ്ഞപ്പോൾ പൊലീസിന്റെ സമീപനം മാറി.

വൈകാരികമായി സംസാരിക്കേണ്ടെന്ന് പറഞ്ഞു. പ്രതിയുടെ ചിത്രമെടുത്തപ്പോൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.അതേസമയം അപകടമുണ്ടാക്കിയ 17കാരൻ ഇടയ്‌ക്കിടെ വാഹനവുമായി റോഡിലിറങ്ങാറുണ്ടെന്നാണ് വിവരം. അപകടസമയം റീൽസ് ചിത്രീകരിക്കാനാണ് ഇയാൾ പിതാവിന്റെ പേരിലുള്ള ബെൻസ് കാറുമായി റോഡിലിറങ്ങിയത്.