ഇത് മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ഒത്തുകളി; പിഎസ്സി വിഷയം ആർഎസ്എസ് അജണ്ടയെന്ന് ആരോപിച്ച് വി. ശിവൻകുട്ടി രംഗത്ത്!

തിരുവനന്തപുരം: പിഎസ്സി ചെയർമാനെ മാറ്റാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ നടപടി പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് വി. ശിവൻകുട്ടി. ബിജെപിയും ആർഎസ്എസുമായി മുഖ്യമന്ത്രിക്കുള്ള ബന്ധമാണ് ഇതിലൂടെ കൂടുതൽ വ്യക്തമാകുന്നത്. ഗവർണറെ ആലിംഗനം ചെയ്ത് യാത്രയാക്കിയപ്പോൾ തന്നെ ആർഎസ്എസ് അജണ്ടയാണ് മുഖ്യമന്ത്രി നടപ്പിലാക്കുന്നതെന്ന് പൂർണ്ണമായി തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും, ചട്ടപ്രകാരമുള്ള നടപടികളല്ല മുൻ ഗവർണർ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാരിന്റെ നിലവിലെ അവസ്ഥയെയും അദ്ദേഹം അതിരൂക്ഷമായി വിമർശിച്ചു. യുഡിഎഫ് കൺവീനർ പറഞ്ഞതുപോലെ അവരുടെ തീരുമാനങ്ങൾക്ക് അനുസരിച്ചുള്ള ഭരണമല്ല ഇവിടെ നടക്കുന്നത്. മന്ത്രിസഭയിൽ എല്ലാ കാര്യങ്ങളിലും രണ്ട് അഭിപ്രായമാണുള്ളത്. ആർക്കും കൂട്ടത്തരവാദിത്തമില്ലാത്ത അവസ്ഥയാണ്. സർക്കാരിലെ ഈ വലിയ ഭിന്നത കാരണം ജനങ്ങൾ ആകെ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയ നാൾ മുതൽ തർക്കങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് ആരോപിച്ച ശിവൻകുട്ടി, സ്കൂൾ ഒളിമ്പിക്സ് റദ്ദാക്കിയത് എന്തിനുവേണ്ടിയാണെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ശബരിമലയിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമായും, വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരുമായും സർക്കാർ നിരന്തരം തർക്കത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.