സഭയിൽ ആരെ നോക്കി സംസാരിക്കണം? വി.ഡി. സതീശനും പിണറായി വിജയനും തമ്മിൽ കൊമ്പുകോർക്കൽ! ഇടപെട്ട് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ നേർക്കുനേർ വാക്പോര്. വിവിധ വിഷയങ്ങളിൽ ചർച്ചകൾ മുറുകുന്നതിനിടെ സഭയിൽ പ്രസംഗിക്കുമ്പോൾ ആരെ നോക്കി സംസാരിക്കണം എന്നതിനെച്ചൊല്ലിയാണ് ഇന്ന് ഇരുനേതാക്കളും തമ്മിൽ കടുത്ത തർക്കമുണ്ടായത്.
മുഖ്യമന്ത്രി പറഞ്ഞത് തന്നെ വീണ്ടും പറയുന്നതിനാൽ ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന് പറഞ്ഞ് പിണറായി വിജയനാണ് തർക്കത്തിന് തുടക്കമിട്ടത്. എന്നാൽ, ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പരിഹസിക്കരുതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. സഭയിൽ 102 പേരുള്ളതിനാൽ ഭരണനിരയിലേക്ക് നോക്കാൻ തനിക്ക് അഭിമാനമേയുള്ളൂവെന്ന് സതീശൻ പരിഹസിച്ചു. ഭരണപക്ഷത്തായിരുന്നവരെ പ്രതിപക്ഷമാക്കി മാറ്റി കേവലം 35 പേരിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്തമുള്ളതുകൊണ്ട് സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷനേതാവിന് മടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ താൻ ശൈലി വിമർശനം നടത്തിയിട്ടില്ലെന്നും പറഞ്ഞ കാര്യം മുഖ്യമന്ത്രി മനസ്സിലാക്കണമെന്നുമായിരുന്നു പിണറായിയുടെ മറുപടി. തർക്കം രൂക്ഷമായതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെടുകയും, പരസ്പരം തർക്കിക്കാതെ സഭാ ചട്ടപ്രകാരം സ്പീക്കറെ നോക്കി സംസാരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
അതേസമയം, സംസ്ഥാന പിഎസ്സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ നിലവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി. അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും, മുഴുവൻ സമയ രാഷ്ട്രീയക്കാർ പിഎസ്സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. പിഎസ്സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയുടെയും പരീക്ഷാ ക്രമക്കേട് വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്. പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലഭിച്ച 180 പരാതികളിൽ മൂന്നെണ്ണത്തിൽ ക്രൈംബ്രാഞ്ചും അഞ്ചെണ്ണത്തിൽ പിഎസ്സി ആഭ്യന്തര വിജിലൻസും അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.