ടൂറിസം എന്റെ പാഷൻ, കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകി; സ്ഥിരീകരിച്ച് പി.വി. അൻവർ

മലപ്പുറം: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് പി.വി. അൻവർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബേപ്പൂരിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപും നേതാക്കൾക്ക് മുന്നിൽ ഈ ഉപാധി വെച്ചിരുന്നതായും, ഇക്കാര്യത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നുവെന്നും അൻവർ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയത്തിനായി നടത്തിയ പോരാട്ടങ്ങളും ത്യാഗങ്ങളും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. മുൻ സർക്കാരിനെതിരെ താൻ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളും തുടർന്നുണ്ടായ കേസുകളും തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ബേപ്പൂരിൽ താൻ മത്സരിച്ചത് വിജയിക്കാൻ വേണ്ടി തന്നെയാണെങ്കിലും, പരാജയപ്പെടുന്ന പക്ഷം കെ.ടി.ഡി.സി. ചെയർമാൻ പദവി നൽകണമെന്നത് യു.ഡി.എഫ്. നേതൃത്വവുമായി സംസാരിച്ച് ഉറപ്പുനൽകിയ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ള സമുന്നതരായ നേതാക്കളോട് ഈ വിഷയം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം വേണമെന്ന് ആവശ്യപ്പെടാനുള്ള കാരണവും അൻവർ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ടൂറിസം മേഖലയോടുള്ള തന്റെ താല്പര്യവും അനുഭവസമ്പത്തുമാണ് ഇതിന് കാരണം. ടൂറിസം തന്റെ ‘പാഷൻ’ ആണെന്നും, ഒരു വ്യവസായി എന്ന നിലയിൽ ഈ രംഗത്ത് തനിക്ക് വ്യക്തമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ടൂറിസത്തെ സാധാരണക്കാരിലേക്കും ഗ്രാമീണ കുടുംബങ്ങളിലേക്കും എത്തിക്കാനുള്ള പദ്ധതികൾ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പിലാക്കാൻ തനിക്ക് സാധിക്കുമെന്നും, യു.ഡി.എഫ്. അസോസിയേറ്റ് അംഗമെന്ന നിലയിൽ ഈ പദവി ആവശ്യപ്പെടാൻ തനിക്ക് അർഹതയുണ്ടെന്നും പി.വി. അൻവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.