ക്യാബിനറ്റ് രഹസ്യങ്ങൾ പുറത്തുപറയാനാകില്ല; മന്ത്രിസഭയിലെ ഭിന്നതക്കിടയിലും മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ ഭിന്നതയുണ്ടായതായി വ്യക്തമാക്കി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഹിന്ദു മന്ത്രിമാർ ഒപ്പിട്ട ഉടൻ തന്നെ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമന ഉത്തരവ് പുറത്തിറങ്ങുമെന്നും, മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഇന്നോ നാളെയോ ഉത്തരവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര മന്ത്രിമാർ ഒപ്പിടും എന്ന ചോദ്യത്തിന് ക്യാബിനറ്റ് രഹസ്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏറിയ പങ്കു മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരെ നിലകൊണ്ടപ്പോൾ, മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ സ്വീകരിച്ചത്. തന്നോട് ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതോടെ വലിയ തർക്കമാണ് ഉണ്ടായത്. പുതിയ പി.എസ്.സി. അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ അടിയന്തരമായി നിയമനം നടത്തേണ്ടതുകൊണ്ടാണ് ആ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പി.എസ്.സി. നിയമനങ്ങളിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ചകൾ നടന്നിട്ടില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫും എതിർപ്പുമായി രംഗത്തുവന്നു. കെ.പി.സി.സി. അധ്യക്ഷനായിട്ടും പല കാര്യങ്ങളും താൻ അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. എന്നാൽ ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർ.എസ്.പി.ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചു. കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്ന പരാതി മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ ശക്തമായി ഉന്നയിച്ചു. സർക്കാരിന്റെ ആറാം മാസത്തിൽ മന്ത്രിസഭയിൽ ഇത്തരത്തിൽ അസാധാരണ വിമർശനങ്ങൾ ഉയർന്നതോടെ യോഗം രണ്ടര മണിക്കൂറോളം നീണ്ടു.

ഗുരുവായൂർ ദേവസ്വം ബോർഡ് പട്ടികയാണ് യു.ഡി.എഫിലെ പ്രധാന കലഹത്തിന് കാരണം. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് മറ്റ് മന്ത്രിമാരുടെ പരാതിയെങ്കിലും, ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നാണ് പട്ടിക തയ്യാറാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാൽ കൂടിയാലോചനകൾ ഇല്ലാതെയാണ് പേരുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുന്നതെന്നാണ് മന്ത്രിമാരുടെ പ്രധാന പരാതി. നിലവിൽ ജനറൽ വിഭാഗത്തിൽ രണ്ടും ജീവനക്കാരുടെ പ്രതിനിധിയായി ഒരാളുടെയും ഒഴിവുകളാണ് ഉള്ളത്. ഇതിൽ കോൺഗ്രസ് നേതാക്കളായ സി.വി. ബാലചന്ദ്രൻ, ശിവൻ പാലിയത്ത് എന്നിവരെ ജനറൽ വിഭാഗത്തിലും, പി. അഭിലാഷിനെ ജീവനക്കാരുടെ പ്രതിനിധിയായുമാണ് മുഖ്യമന്ത്രി പട്ടിക തയ്യാറാക്കിയിട്ടുള്ളത്.