അഭിരാം വധക്കേസ്! കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിലെ നിർണായക തൊണ്ടിമുതലുകൾ പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച അഭിരാമിന്റെ ബെൽറ്റ്, മൊബൈൽ ഫോൺ, ഷർട്ട്, വെള്ളിമാല എന്നിവയാണ് കൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള കിണറ്റിൽ നിന്ന് ലഭിച്ചത്. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ.
മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് തൊണ്ടിമുതലുകളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത്തെ തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്. കഴക്കൂട്ടം അഗ്നിരക്ഷാസേനയുടെയും ചെങ്കൽചൂളയിൽ നിന്നുള്ള സ്കൂബാ സംഘത്തിന്റെയും സഹായത്തോടെ കിണറ്റിലെ വെള്ളം പൂർണമായും വറ്റിച്ച ശേഷമായിരുന്നു പരിശോധന നടത്തിയത്. കണ്ടെടുത്ത ഷർട്ട് ഉൾപ്പെടെയുള്ള വസ്തുക്കൾ അഭിരാമിന്റെ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു.
കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ പരസ്പരവിരുദ്ധമായ മൊഴികളാണ് അന്വേഷണത്തെ ബാധിച്ചത്. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു ഉമർ പോലീസിനോട് പറഞ്ഞിരുന്നത്.
ഈ മൊഴികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാടുമൂടിയ പ്രദേശങ്ങളിലും തെറ്റിയാർ തോട്ടിലും സ്കൂബാ സംഘത്തിന്റെ സഹായത്തോടെ പോലീസ് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ആസൂത്രിതമായ ശ്രമങ്ങൾ നടത്തിയതായാണ് പോലീസ് നിഗമനം. കേസിൽ ഉമറിനെയും പ്രതികളായ രണ്ട് യുവതികളെയും മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പോലീസ് വാങ്ങിയിരുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ മൂവരെയും ഇന്ന് (നവംബർ 18) വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.