മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണക കുഴി നിര്‍മ്മിച്ചത് 3.72 ലക്ഷത്തിന്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണക കുഴി നിര്‍മ്മിച്ചത് 3.72 ലക്ഷത്തിന് . 2023 ജനവരി 16 നായിരുന്നു ക്ലിഫ് ഹൗസില്‍ ചാണക കുഴി നിര്‍മ്മിക്കാന്‍ ടെണ്ടര്‍ വിളിച്ചത്.42.50 ലക്ഷത്തിന് ക്ലിഫ് ഹൗസില്‍ കാലി തൊഴുത്ത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പ് 42.50 ലക്ഷത്തിന് കാലി തൊഴുത്ത് നിര്‍മ്മിക്കാന്‍ ഉത്തരവും ഇറക്കി.

സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും ക്ലിഫ് ഹൗസില്‍ കാലിതൊഴുത്ത് നിര്‍മ്മിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാലി തൊഴുത്ത് നിര്‍മ്മാണം 2 ടെണ്ടറിലൂടെയാണ് നടന്നത്  . 2021 ഡിസംബര്‍ 3 നായിരുന്നു ആദ്യ ടെണ്ടര്‍.കാലിതൊഴുത്തും ബി.ജെ.പി ക്കാര്‍ ക്ലിഫ് ഹൗസ് മതില്‍ ചാടി കടന്നതിന്റെ ഫലമായി ഉണ്ടായ ചെറിയ പുനരുദ്ധാരണവും ഉള്‍പ്പെടെ 21.33 ലക്ഷത്തിനാണ് ആദ്യ ടെണ്ടര്‍ ക്ഷണിച്ചത്. 34.64 ലക്ഷത്തിനായിരുന്നു കാലി തൊഴുത്ത് നിര്‍മ്മാണത്തിന്റെ അടുത്ത ടെണ്ടര്‍. 2022 ആഗസ്ത് 18 നാണ് ടെണ്ടര്‍ ക്ഷണിച്ചത്.

2021ല്‍ മാത്രം ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. 2021 ല്‍ ക്ലിഫ് ഹൗസില്‍ ടെണ്ടര്‍ മുഖേന നടത്തിയ പ്രവൃത്തികളുടെ രേഖകള്‍ പരുറത്ത് വന്നിട്ടുണ്ട്.ടോയ് ലെറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, 72.46 ലക്ഷത്തിന് ബാരക്ക്, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം, കര്‍ട്ടന്‍ 7 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.55 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകക്കാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ 2021 ല്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *