വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി; വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചു

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചു. വൈഷ്ണയുടെ ഹർജി കോടതി ഫയൽ ചെയ്തു. പേര് വെട്ടിയ നടപടി റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. പേര് ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സംശയിക്കുന്നു എന്ന് വൈഷ്ണ പറഞ്ഞു. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
വൈഷ്ണ നൽകിയ പേരിൽ ജില്ലാ കളക്ടർ ഇന്ന് ഹിയറിങ് നടത്തും. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഐഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥരും വിവരം നൽകിയിരുന്നു. തുടർന്നാണ് വോട്ടർപട്ടികയിൽ നിന്ന് വൈഷ്ണയുടെ ഒഴിവാക്കിയത്.
മേൽവിലാസത്തിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത്. പേര് നീക്കം ചെയ്തതോടെ വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആകില്ല. കോർപ്പറേഷൻ പരിധിയിൽ എവിടെയെങ്കിലും വോട്ട് ഉണ്ടെങ്കിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ചട്ടം.