ബിജെപിക്ക് വയനാട്ടിൽ കെട്ടിവെച്ച തുക നഷ്ടമായി. ആറ് മാസത്തിനിടയിൽ നടന്ന രണ്ടാമത് തിരഞ്ഞെടുപ്പിലും കെട്ടിവെച്ച കാശ് പോയതിന് പിന്നാലെ മുപ്പതിനായിരത്തിൽപരം വോട്ടുനഷ്ടവും ബിജെപിക്ക് ഉണ്ടായി.
ആകെ പോൾ ചെയ്ത 9,52,543 വോട്ടിൻ്റെ ആറിലൊന്നായ 1,58,000 വോട്ട് കിട്ടിയാൽ മാത്രമേ കെട്ടിവെച്ച കാശ് ലഭിക്കുകയുള്ളു. ഇത്തവണയും ആറിലൊന്ന് വോട്ട് നേടാൻ ബിജെപി സ്ഥാനാർത്ഥിക്ക് കഴിഞ്ഞില്ല. പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച നവ്യ ഹരിദാസിന് 1,09,939 വോട്ട് മാത്രമാണ് ലഭിച്ചത്.
2024 ഏപ്രിലിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആയിരുന്ന കെ സുരേന്ദ്രന് 1,41,045 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം വട്ടവും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാന അധ്യക്ഷൻ മത്സരിച്ചിട്ടു പോലും കെട്ടിവെച്ച കാശ് കിട്ടാത്ത അവസ്ഥയിൽ നിന്ന് ഒരടി പോലും മുന്നോട്ട് പോകാൻ പാർട്ടിക്ക് കഴിയാത്തത് വലിയ ഗതികേട് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്.