ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 17 നടക്കാനിരിക്കെ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍. ഇത് സംബന്ധിച്ച് എംപിമാര്‍ എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചു. വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിന് തെറ്റായ വ്യാഖ്യാനം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസിന്റെ ലോക്സഭാംഗങ്ങളായ ശശി തരൂര്‍, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബര്‍ദോലോയ്, അബ്ദുള്‍ ഖാലിഖ് എന്നിവര്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഏതെങ്കിലും ആഭ്യന്തര രേഖകള്‍ പുറത്തുവിടണമെന്ന് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല. നാമനിര്‍ദ്ദേശ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികളുടെ ഒരു ലിസ്റ്റ് നല്‍കണമെന്നാണ് എംപിമാര്‍ മിസ്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.ആര്‍ക്കാണ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അര്‍ഹതയുള്ളതെന്നും വോട്ട് ചെയ്യാന്‍ അര്‍ഹതയെന്നും പരിശോധിക്കാന്‍ ഈ ലിസ്റ്റ് പുറത്തുവിടണമെന്ന് എംപിമാര്‍ പറഞ്ഞു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ.ഐ.സി.സിയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഇലക്ഷന് നടക്കുന്നത്.