തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന് പ്രതിഷേധക്കുറിപ്പ് എഴുതി യൂണിഫോമില്‍ ധരിച്ച് ഡ്യൂട്ടി ചെയ്ത വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റിയ നടപടി കെ.എസ്.ആര്.ടി.സി റദ്ദാക്കി. സി.എം.ഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റദ്ദാക്കിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സ്ഥലം മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു
അഖിലയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ആറു ദിവസം മാത്രമാണ് ശമ്പളം വൈകിയത്, 41 ദിവസം മുടങ്ങിയെന്നാണ് പ്രതിഷേധ കുറിപ്പില്‍ എഴുതിയിരുന്നത്. അഞ്ചാം തീയതിയാണ് കെ.എസ്.ആര്.ടി.സിയിലെ ശമ്പള ദിവസം. സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന കുറിപ്പ് ധരിച്ച് ജനുവരി 11നാണ് ജോലി ചെയ്തത്. യാത്രക്കാര്‍ ഇതു സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ ഒന്നിനാണ് പാലായിലേക്കു മാറ്റിയത്.പിന്നാലെ, അഖിലയുടെ ചിത്രവും ശമ്പളവും ഒപ്പം യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജറോമിന്റെ ചിത്രവും ശമ്പളവും ചേര്‍ത്തുകൊണ്ടുള്ള കുറിപ്പുകള്‍ വൈറലായി.
എം.എസ്സിയും ബി.എഡുമുള്ള അഖില 13 വര്‍ഷമായി കെ.എസ്.ആര്.ടി.സി ജീവനക്കാരിയാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോള്‍ വിഷു ദിവസം വൈക്കം ഡിപ്പോയില്‍ നിരാഹാരസമരം നടത്തിയിരുന്നു. ബി.എം.എസ് യൂണിയന്റെ ജില്ലാ ട്രഷററാണ് അഖില