തൃശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് : മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വെടിക്കെട്ടിനു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ക്കു വിഘ്‌നം വരാതെ തൃശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെഭേദഗതികള്‍ സംബന്ധിച്ചു തൃശൂര്‍ പൂരം ദേവസ്വങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു. ഇതിനു് പരിഹാരം കാണാനായി കേന്ദ്രമന്ത്രി പീയുഷ് ഗോയലിനു കത്തയച്ചിട്ടുണ്ട്. മാത്രമല്ല കേന്ദ്രത്തില്‍ നിരന്തര സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എക്‌സ്‌പ്ലോസീവ് ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി തൃശൂര്‍ പൂരം ഉള്‍പ്പെടെ സംസ്ഥാനത്തു വിവിധ ആരാധനാലയങ്ങളില്‍ നടക്കുന്ന വെടിക്കെട്ടുകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. വെടിക്കെട്ടു പുരയില്‍ നിന്ന് 200 മീറ്റര്‍ അകലെയാകണം വെടിക്കെട്ടു നടത്തേണ്ടത് എന്നതാണു പ്രധാന ഭേദഗതി. വെടിക്കെട്ടു സ്ഥലത്തെ ബാരിക്കേഡില്‍ നിന്ന് 100 മീറ്റര്‍ അകലെയായിരിക്കണം വെടിക്കെട്ടു കാണുന്നവരെ നിര്‍ത്തേണ്ടതെന്നും നിബന്ധനയുണ്ട്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പുകളുടെ
ഉപയോഗത്തിലും ചില മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ഇതുള്‍പ്പെടെ 35 ഭേദഗതികളാണു വിജ്ഞാപനത്തില്‍ ഉള്ളത്. ഈ ഭേദഗതികളില്‍ ഇളവു വേണമെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. അതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതേസമയം, ഭേദഗതിക്കെതിരെ സംസ്ഥാനത്തിനു നിയമം കൊണ്ടുവരാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്സവങ്ങളുടെ ഭാഗമായി ആനകള്‍ക്കു പ്രയാസങ്ങളുണ്ടാകരുതെന്നാണു സര്‍ക്കാര്‍ നിലപാട്. ആനകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം ഉണ്ടാവണമെന്ന നിര്‍ദേശം ദേവസ്വങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതു ജില്ലാമോണിറ്ററിംഗ് കമ്മിറ്റി ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതിയും അംഗീകരിച്ചു. അതിനാല്‍ ഒരു പ്രയാസവുമില്ലാതെ ആന എഴുന്നള്ളിപ്പു നടക്കും. രാത്രി 10 നു ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ പൊതുനിയന്ത്രണം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഉച്ചഭാഷിണിയും മറ്റും. അവയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു ചില പ്രയാസങ്ങളുണ്ടാക്കും. ഉത്സവമേഖലയില്‍ ഉച്ചഭാഷണിയുടെ ശബ്ദം കേള്‍ക്കുന്നതു വലിയ തോതില്‍ ജനങ്ങള്‍ക്ക് അലോസരമായി തോന്നില്ല. അതിനു തടസമുണ്ടാക്കാത്ത തരത്തിലേക്കു കാര്യങ്ങള്‍ മാറ്റണം എന്നുതന്നെയാണു സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *