ശാസ്തമംഗലത്ത് നടുറോഡിയില് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമ മിനി അറസ്റ്റില്‍

തിരുവനന്തപുരം: ശാസ്തമംഗലത്ത് നടുറോഡില്‍ ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്നു മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവതിയെ 7 വയസ്സുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ച പാര്‍ലര്‍ ഉടമ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി മിനി അറസ്റ്റില്‍ . മരുതംകുഴി സ്വദേശിയും ബിടെക് ബിരുദധാരിയുമായ ശോഭന(33)യ്ക്കാണ് ക്രൂരമായി മര്‍ദനമേറ്റത്. വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്ക് ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ മര്‍ദനമേല്‍ക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശാസ്തമംഗലത്തു വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവമുണ്ടായത്. കേരള ബാങ്ക് ശാഖയില്‍ മകളുമായി എത്തിയ ശോഭന സമീപത്തെ ബ്യൂട്ടിപാര്‍ലറിനു മുന്പില്നിന്നു മൊബൈല്‍ ഫോണില്‍ സംസാരിച്ചു. പാര്‍ലറിന്റെ മുന്പില് നിന്നു ഫോണില്‍ സംസാരിക്കുന്നത് ഉടമയായ സ്ത്രീ വിലക്കി. ഇതു ചോദ്യം ചെയ്ത ശോഭനയെ ഉടമ കരണത്തടിച്ചു വീഴ്ത്തി. മകള്‍ നിലവിളിച്ചിട്ടും അടി നിര്‍ത്തിയില്ല. പിന്നീട് ചെരിപ്പുകൊണ്ടും അടിച്ചു.
ഉടമയ്ക്കൊപ്പം വന്ന യുവാവ് ദൃശ്യം പകര്‍ത്തിയ ആളെ കയ്യേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചു തള്ളുകയും ചെയ്തു. തന്റെ കയ്യിലിരുന്ന വള പിടിച്ചുവാങ്ങാനും മര്‍ദിച്ച സ്ത്രീ ശ്രമിച്ചതായി ശോഭന ആരോപിച്ചിരുന്നു.