അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

എട്ട് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കെജ്രിവാളിന്റെ വീട്ടില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സംഘം കടന്നേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.അതേസമയം, ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തന്നെ തുടരുമെന്നും ജയിലില്‍ കിടന്ന് ഭരിക്കുമെന്നും എഎപി വ്യക്തമാക്കി.

അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ ഇ.ഡി സംഘം എത്തിയതിന് പിന്നാലെ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.ഇതോടെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഡല്‍ഹി മദ്യനയകേസില്‍ ഒമ്പത് തവണ കെജ്രിവാളിന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകരുതെന്ന കെജ്രിവാളിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് തടയാന്‍ വിസമ്മതിക്കുകയായിരുന്നു. ഇ.ഡി സംഘത്തിന്റെ കയ്യില്‍ പരിശോധന നടത്താനുള്ള വാറന്റ് ഉണ്ടായിരുന്നു. സമന്‍സ് നല്‍കാന്‍ വേണ്ടിയാണ് എത്തിയതെന്നാണ് ഇ.ഡി സംഘം നേരത്തെ പ്രതികരിച്ചത്. അതേസമയം മദ്യനയ കേസില്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പകപോക്കുകയാണെന്നും ഏത് സമയത്തും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും മുമ്പ് കെജ്രിവാള്‍ തന്നെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *