ആറ്റിങ്ങല്‍ : വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനുനേരെ സിപിഎമ്മിന്റെ ആക്രമണം. ആറ്റിങ്ങല്‍ ഡെയിലി എന്ന പ്രാദേശിക ഓണ്‍ലൈന്‍ ചാനലിന്റെ ക്യാമറാമാന്‍ അനന്ദു എസ് നായരെയാണ് സിപിഎം മുദാക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ബി ദിനേശിന്റെ നേതൃത്വത്തിലുള്ള സിപിഎം ഗുണ്ടകള്‍ ആക്രമിച്ചത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. മുദാക്കല്‍ പഞ്ചായത്തിലെ സിപിഎം ഭരണ സമിതി കുരിക്കകം അങ്കണവാടി ടീച്ചറെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.
സി ഐ റ്റി യു പ്രവര്‍ത്തകയായ അങ്കണവാടി ടീച്ചറെ സിപിഎം ഭരണസമിതി സസ്‌പെന്റ് ചെയ്തതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ ഭിന്നത രൂപപ്പെട്ടിരുന്നു.
അങ്കണവാടി ടീച്ചര്‍ പഞ്ചായത്തിന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ധിക്കരിച്ച് സി ഐ റ്റി യുവിന്റെ പിന്തുണയോടെ ജോലിക്ക് ഹാജരാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ ഡെയിലിയുടെ ക്യാമറാമാന്‍ അനന്ദു സംഭവ സ്ഥലത്ത് എത്തിയത്.
എന്നാല്‍ ദൃശ്യം പകര്‍ത്തുന്നതിനിടെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിനേശും സംഘവും ആക്രോഷിച്ച് കൊണ്ട് പാഞ്ഞടുക്കുകയും ക്യാമറ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
മര്‍ദ്ദനത്തില്‍ അനന്ദുവിന്റെ കയ്യിക്ക് സാരമായി പരുക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.