അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ശുഭം കനോജിയ (27) എന്നയാളെയാണ് പട്യാല പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. നിലവില്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇയാളുടെ ഓട്ടോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടി പട്യാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയെ സ്കൂളിലേക്ക് പറഞ്ഞു വിട്ടിരുന്നത് ശുഭം കനോജിയയുടെ ഓട്ടോറിക്ഷയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടൊപ്പം മറ്റു ചില കുട്ടികളും ഇയാളുടെ ഓട്ടോയിലാണ് സ്കൂളില്‍ പോയിരുന്നത്. ക്ലാസ് കഴിഞ്ഞ് മറ്റു കുട്ടികളെ വീട്ടില്‍ ഇറക്കിയതിന് ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വയറുവേദന അസഹനീയമായതോടെയാണ് മതാപിതക്കളോടൊപ്പം പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചാംക്ലാസുകാരി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് മാതാപിതാക്കള്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി തുറന്ന് പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.