സാമാന്യജനങ്ങളിലേക്ക് ആശയക്കുഴപ്പമില്ലാതെ എത്തുന്നതാവണം ഭരണഭാഷ: തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി

സാമാന്യജനങ്ങളിലേക്ക് സർക്കാരിന്റെ ആശയങ്ങളും കരുതലും ആശയക്കുഴപ്പമില്ലാതെ എത്തിക്കുന്നതാവണം ഭരണഭാഷയെന്ന് തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി. പലപ്പോഴും സാധാരണക്കാരന്റെ പരാതികൾക്കോ ആവലാതികൾക്കോ മറുപടി നൽകുമ്പോൾ ഉപയോഗിക്കപ്പെടുന്ന ഭാഷ അവർക്ക് കൃത്യമായി മനസ്സിലാക്കാൻ പോലും സാധിക്കാതെ തരത്തിലാകുന്നുണ്ട് . സർക്കാരിന്റെ കരുതലും കരുണയും സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ അവരിലേക്കെത്തു ന്ന തരത്തിലാണ് ഫയലെഴുത്തിനായി താൻ ഉപയോഗിച്ച ഭാഷയെന്ന് ഓരോ സർക്കാർ ഉദ്യോഗസ്ഥനും ഉറപ്പുവരുത്തണമെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു. ഭരണഭാഷാ വാരാഘോഷ സമാപന ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു സെക്രട്ടറി. ഒരാളുടെ അവസ്ഥ കൃത്യമായി ഉൾക്കൊള്ളുമ്പോൾ മാത്രമാണ് അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ നമ്മുടെ സ്‌നേഹവും കരുതലും അവരിലേക്കെത്തുന്ന തരത്തിൽ സംവദിക്കാനാകുക. അതുകൊണ്ട് ഭാഷയെ കൃത്യമായി ഉൾക്കൊള്ളാനുള്ള കഴിവ് ഉദ്യോഗസ്ഥർ സ്വായത്തമാക്കണമെന്നും അവർ പറഞ്ഞു.
നിലവിലെ ഫയൽ ഭാഷ വരണ്ടതും യാന്ത്രികവുമായ ഒന്നാണെന്നും അതിൽ കരുണയുടെയും സ്‌നേഹത്തിന്റെയും അഭാവം പ്രകടമാണെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരനും പബ്ലിക് റിലേഷൻസ് വകുപ്പ് അഡി ഡയറക്ടറുമായ സലിൻ മാങ്കുഴി അഭിപ്രായപ്പെട്ടു. വൈകാരികതലങ്ങളെ കൂടി കണക്കിലെടുക്കുന്ന കാതലായ മാറ്റം ഭരണഭാഷയിൽ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കവി ഗീരീഷ് പുലിയൂർ സമാപനചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തൊഴിൽ ഭവനിലെ മുഴുവൻ ജീവനക്കാരെയും മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് സംഘടിപ്പിച്ച മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ (244) കരസ്ഥമാക്കി ഭാഷാമത്സരവിജയികൾക്കുള്ള ട്രോഫി പമ്പ ടീം സ്വന്തമാക്കി. കബനി ടീം (222)രണ്ടാംസ്ഥാവും 215 പോയന്റ് നേടിയ നിള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്ഥമാക്കി രശ്മി സിവി (സീനിയർ ക്ലർക്ക്) സാഹിത്യമത്സരവിജയിക്കുള്ള വ്യക്തിഗത പുരസ്‌കാരവും ബി എസ് രാജീവ് ( ജില്ലാ ലേബർ ഓഫീസർ ), സരിത വി ( ടൈപ്പിസ്റ്റ്) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ മത്സരങ്ങളിൽ വിജയികളായവർ. കേട്ടെഴുത്ത് മത്സരം: രശ്മി സിവി (സീനിയർ ക്ലർക്ക് ഒന്നാം സ്ഥാനം) , ഷജീന എൻ ( ടൈപ്പിസ്റ്റ് രണ്ടാം സ്ഥാനം) ,തുളസീധരൻ പിള്ള (സീനിയർ ക്ലർക്ക് മൂന്നാം സ്ഥാനം) .
കവിതാ രചന: രശ്മി സിവി (ഒന്നാം സ്ഥാനം) , ബി എസ് രാജീവ് (രണ്ടാം സ്ഥാനം), സരിത വി , ഡയസ് രാജ് ( ടൈപ്പിസ്റ്റ്) (മൂന്നാംസ്ഥാനം) കഥാരചന: ദീപ്തി ആർ (സീനിയർ ക്ലർക്ക് ഒന്നാം സ്ഥാനം), സരിത വി (രണ്ടാം സ്ഥാനം),ഡയസ് രാജ് (മൂന്നാംസ്ഥാനം). കവിതാ പാരായണം: ഷിമി ജി നായർ (സീനിയർ ക്ലർക്ക് ഒന്നാം സ്ഥാനം),രശ്മി സിവി (രണ്ടാം സ്ഥാനം), ബി എസ് രാജീവ് (മൂന്നാംസ്ഥാനം). ഒരു മിനിട്ട് മലയാളത്തിൽ സംസാരിക്കൽ :രാജീവ് കുമാർ ടി എസ് (ക്ലർക്ക്),അനീത് എസ്(സീനിയർ ക്ലർക്ക്) ,ബിന്ദു എൽ (ജൂനിയർ സൂപ്രണ്ട്), സുമേഷ് (ഓഫീസ് അസിസ്റ്റന്റ്) കൂടാതെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ മലയാളാ ഭാഷാ പ്രശ്‌നോത്തരി, പഴഞ്ചൊല്ല് ആസ്പദമാക്കിയുള്ള ഡംബ് ഷെറാഡ്‌സ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
തൊഴിൽ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീ ലേബർ കമ്മിഷണർമാരായ കെ ശ്രീലാൽ, കെ എം സുനിൽ, ജോയിന്റ് ലേബർ കമ്മിഷണർ ബിജു കെ എസ് തുടങ്ങിയവർ സംബന്ധിച്ചു.