കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനം ഇന്ന് ശ്രീനഗറില്‍ നടക്കും. ഇന്ന് എസ് കെ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 23 പ്രതിപക്ഷ പാര്‍ട്ടികളെയാണ് ക്ഷണിച്ചത്. 12 കക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിവരം. ഡി എം കെ, എന്‍ സി പി, ആര് ജെ ഡി, ജെ ഡി യു, ശിവസേന, വി സി കെ, കേരള കോണ്‍ഗ്രസ്സ്, നാഷനല്‍ കോണ്‍ഫറന്‍സ്, പി ഡി പി, ജെ എം എം തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കും. സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്സ്, സമാജ്വാദി പാര്‍ട്ടി, ബി എസ് പി, ടി ഡി പി തുടങ്ങിയ കക്ഷികള്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
യാത്രക്ക് സമാപനം കുറിച്ച് ഇന്നലെ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ പാന്ഥ ചൗക്കില്‍ നിന്ന് പുനരാരംഭിച്ച യാത്രയുടെ അവസാന ദിവസത്തില്‍ സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരുന്നത്. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പി സി സി ഓഫീസില്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തുമെന്നായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍, ലാല്‍ചൗക്കില്‍ 29ന് ഉയര്‍ത്താമെന്ന ഉപാധിയോടെ അവസാന നിമിഷം അനുമതി ലഭിക്കുകയായിരുന്നു.