ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചിരിക്കെ നിലവിലെ അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ ഭാവി ഇനിയെന്തന്ന ചോദ്യം ഉയരുകയാണ്. നൈനാറിനെ അണ്ണാമലൈയും വാനതി ശ്രീനിവാസനും എച്ച് രാജയും പൊൻ രാധാകൃഷ്ണനും പിന്തുണച്ചിട്ടുണ്ട്. അണ്ണാമലൈ അഭിനന്ദനാർഹമായ നേട്ടങ്ങളാണ് കൈവരിച്ചതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ പുകഴ്‌ത്തിയിരുന്നു.
‘ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അഭിനന്ദനീയമായ നേട്ടങ്ങളാണ് അണ്ണാമലൈ കൈവരിച്ചത്. നരേന്ദ്രമോദിയുടെ നയങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതുമുതൽ പാർട്ടിയെ ഗ്രാമങ്ങളിൽ ഉൾപ്പെടെ എത്തിക്കുന്നതുവരെ ഇതുവരെയില്ലാത്തവിധം സംഭാവനകളാണ് അദ്ദേഹം നൽകിയത്. അണ്ണാമലൈയുടെ സംഘടാശേഷികൾ പാർട്ടി പ്രയോജനപ്പെടുത്തും’- എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. അതേസമയം, അണ്ണാമലൈ പടിയിറങ്ങുന്നത് നല്ല കാര്യത്തിനാണ് എന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് പ്രതികരിച്ചത്. മെച്ചപ്പെട്ട ഇന്നിംഗ്‌സ് അണ്ണാമലൈയെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് എഐഎഡിഎംകെ- ബിജെപി സഖ്യത്തിന്റെ സുഗമമായ പ്രവർത്തനം ലക്ഷ്യംവച്ച് എഐഎഡിഎംകെ സംസ്ഥാന നേതൃത്വവുമായി അണ്ണാമലൈയ്ക്കുള്ള അസ്വാരസ്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തോട് രാജിവയ്ക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയായിരുന്നു എന്നത് രഹസ്യമല്ല.
ബിജെപി ദ്രാവിഡ പാർട്ടികളുമായി സംഖ്യമുണ്ടാക്കരുതെന്ന നിലപാടാണ് തുടക്കം മുതൽ അണ്ണാമലൈക്കുള്ളത്. എഎഎഡിഎംകെയെ അവഗണിച്ച് ഡിഎംകെയെ ആക്രമിക്കുകയാണ് അണ്ണാമലൈ ചെയ്തിരുന്നത്. എന്നാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഎഎഡിഎംകെയുമായി സഖ്യമുണ്ടാക്കുകയല്ലാതെ മറ്റൊരു വഴി ബിജെപിക്ക് മുന്നിലില്ല. എഎഎഡിഎംകെയുടെ സഹായത്തോടെ ജയിച്ച നാല് ബിജെപി എംപിമാരാണ് നിയമസഭയിലുള്ളത്. ഇത് രണ്ടക്കമായി ഉയർത്താനുള്ള ലക്ഷ്യമാണ് ബിജെപിയുടെ മുന്നിലുള്ളത്. 2024 തിരഞ്ഞെടുപ്പിൽ 11.3 ശതമാനം വോട്ടുയർത്തി ബിജെപി മികച്ച മുന്നേറ്റമാണ് തമിഴ്‌നാട്ടിൽ നടത്തിയത്.
ഡിഎംകെയെ പുറത്താക്കി ഭരണം പിടിക്കുന്നത് മുന്നിൽകണ്ട് വിട്ടുവീഴ്‌ചയ്ക്കായി കേന്ദ്ര നേതൃത്വം അണ്ണാമലൈയെ നിർബന്ധിക്കുകയായിരുന്നു.പാർട്ടിയെ വലിയ രീതിയിൽ വളർത്താൻ മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈയ്ക്ക് സാധിച്ചില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2024 തിരഞ്ഞെടുത്തിൽ കോയമ്പത്തൂരിൽ നാല് ലക്ഷത്തിലധികം വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിച്ചെങ്കിലും അയൽ മണ്ഡലമായ തിരുപ്പൂരിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ ബിജെപിക്കായില്ല. സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും ദേശീയ നേതൃത്വത്തിലേയ്ക്ക് അണ്ണാമലൈയെ എത്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.