സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിച്ച പരാമർശം: ബിജെപി നേതാവിനെതിരെ ഡിജിപിയ്ക്കും പാലക്കാട് എസ്‌പിക്കും പരാതി

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള സ്ത്രീകൾ എത്തി നഗ്നനൃത്തം ചെയ്താലും ബിജെപിയെ തോൽപ്പിക്കാനാകില്ലെന്ന ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ പരാതി. ഡിജിപിയ്ക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് പരാതി നൽകിയത്.

ഒരു പ്രമുഖ മാധ്യമപ്രവർത്തക നടത്തിയ ചാനൽ അഭിമുഖത്തിനിടെയാണ് ബിജെപി നേതാവായ ശിവരാജൻ വിവാദപരമായ പരാമർശം നടത്തിയത്. കോൺഗ്രസ് ദേശീയ നേതാക്കളായ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉദ്ദേശിച്ചായിരുന്നു പരാമർശമെന്ന് പരാതിയിൽ പറയുന്നു. അഭിമുഖം വാർത്തയായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീട്ടിൽ വച്ചാണ് ശിവരാജൻ അഭിമുഖം നൽകിയത്. പരാമർശം പൊതുജനങ്ങൾ കേൾക്കുകയും കാണുകയും ചെയ്തതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.

ഇത്തരത്തിലുള്ള പദപ്രയോഗം ഒരു പൊതു പ്രവർത്തകനോട് യോജിച്ചതല്ലെന്നും ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ശിവരാജനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.