ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ത്വ്യക്തമായ പദ്ധതിയില്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്വ്യക്തമായ പദ്ധതിയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കൂർമ്മ ബുദ്ധിയിൽ ഉദിച്ചതാണീ ആശയം.വയനാട്ടില്‍ ശക്തമായ ത്രികോണ മത്സരമാണ് ബിജെപി ലക്ഷ്യം. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന പൊതു ധാരണ ദേശീയ തലത്തില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ എന്‍ഡിഎയ്ക്കായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്.

എന്നാല്‍ വോട്ടു കുറയുകയാണ് സംഭവിച്ചത്. ഇത്തവണ സിപിഐയ്ക്കായി ആനിരാജയാണ് വയനാട്ടില്‍ മത്സരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഏറ്റവും പ്രധാനിയായ സുരേന്ദ്രനെ തന്നെ വയനാട് ചുരം കയറ്റി ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. ദീര്‍ഘകാല പദ്ധതികള്‍ വയനാടിന് വേണ്ടി ബിജെപി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം. ജയിച്ചാലും തോറ്റാലും വയനാട് കേന്ദ്രീകരിച്ച് സുരേന്ദ്രന്‍ അടുത്ത അഞ്ചു കൊല്ലം പ്രവര്‍ത്തിക്കും. അടുത്ത തവണ രാഹുലിനെ തോല്‍പ്പിക്കുകയും വേണം. ഇതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പദ്ധതി. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയാകുമെന്നും സൂചനയുണ്ട്.

ബിജെപി അധ്യക്ഷ പദവയില്‍ സുരേന്ദ്രന്‍ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിയാക്കി സുരേന്ദ്രന്റെ പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റും. കേരളത്തില്‍ തീര്‍ത്തും പുതിയ നേതൃത്വവും എത്തുമെന്നാണ് സൂചന. അതിനു വേണ്ടി കൂടിയാണ് വയനാട്ടില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രനെ കൊണ്ടു പോകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷപദമൊഴിയാതെ തന്നെ സുരേന്ദ്രന്‍ വയനാട് മത്സരിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വയനാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ജില്ലയിലെ പോരാട്ട ചിത്രം വ്യക്തമായി. 2019 തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിജയിച്ച മണ്ഡലത്തില്‍ ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് സുരേന്ദ്രന്റെ വരവ്.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു കെ സുരേന്ദ്രന്‍. 2019ല്‍ തുഷാര്‍ വെള്ളാപ്പള്ളി നേടിയ 7.25 വോട്ടിംഗ് ശതമാനം ഇരട്ടിയില്‍ അധികം ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ എന്‍ഡിഎയ്ക്ക് 8 ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ ആയിട്ടില്ല. വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളുമാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ മിക്കതും ബിജെപിയുടെ പരമ്പരാഗത വോട്ടുകളില്ലാത്ത സ്ഥലവുമാണ്. അതുകൊണ്ട് തന്നെ ഇവിടെ നേടുന്ന വോട്ട് സുരേന്ദ്രനെന്ന രാഷ്ട്രീയ നേതാവിന്റെ ഭാവിയ്ക്കും നിര്‍ണ്ണായകമായി മാറും.

കേരളത്തില്‍ യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് വയനാട് ലോക്സഭ സീറ്റ്. എം ഐ ഷാനവാസ് 2009ല്‍ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചയിടം. എന്നാല്‍ 2014ല്‍ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടുകളായി കുറഞ്ഞു. 2019ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ മണ്ഡലം ദേശീയ ശ്രദ്ധയിലെത്തി. സിപിഐയിലെ പി പി സുനീറായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കായി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിച്ചു. 80.37% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതാണ് കണ്ടത്. രാഹുല്‍ 706,367 (64.94%) ഉം, സുനീര്‍ 274,597 (25.24%) ഉം, തുഷാര്‍ 78,816 (7.25%) ഉം വോട്ടുകള്‍ നേടി. ബിജെപിക്ക് വോട്ടു കുറഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.

ഇരുമുന്നണികള്‍ക്കെതിരെയും മത്സരിച്ച് വിജയത്തിനടുത്തെത്തിയ പോരാളിയാണ് കെ. സുരേന്ദ്രന്‍. കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തിലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ പരാജയങ്ങള്‍ ചെറിയ വോട്ടുകള്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയിലെ തിരഞ്ഞെടുപ്പ് പോരാളിയുടെ മുഖമാണ് സുരേന്ദ്രനുള്ളത്. കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാര്‍ച്ച് 10 നാണ് കെ. സുരേന്ദ്രന്‍ ജനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവര്‍ത്തകനായി മാറി. പിന്നീട് മുഴുവന്‍ സമയപ്രവര്‍ത്തകനായി. മാരാര്‍ജിയുടെ നിര്‍ദേശത്തെതുടര്‍ന്ന് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നി ചുമതലകള്‍ സുരേന്ദ്രന്‍ വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *