ബിഹാറില്‍ ഇനി ബിജെപി ഭരണം; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ബിഹാറില്‍ ചരിത്രത്തിലാദ്യമായി ബിജെപി ഭരണത്തിലേക്ക്. ബിജെപി നേതാവ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യസഭാംഗമായതിന് പിന്നാലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ് ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തുന്നത്.
നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമാണ് സാമ്രാട്ട് ചൗധരി. നിതീഷ്കുമാറിന്റെ സദ്ഭരണ മാതൃക പുതിയ സർക്കാരിന് പ്രചോദനമാകുമെന്നും അത് പിന്തുടരുമെന്നും സമ്രാട്ട് ചൗധരി പറഞ്ഞു. ഏകകണ്ഠേനയാണ് സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതെന്നാണ് ബിജെപി നേതാവും പാർട്ടിയുടെ കേന്ദ്രനിരീക്ഷകനുമായ കേന്ദ്രമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ വ്യക്തമാക്കിയത്.
പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് സാമ്രാട്ട് ചൗധരി പ്രതികരിച്ചു. 57-കാരനായ സാമ്രാട്ട് ചൗധരിയുടെ പിതാവ് ശകുനി ചൗധരി ആറുവട്ടം എംഎൽഎയും എംപിയുമായിരുന്നു. മാതാവ് പാർവതി ദേവിയും താരാപുർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ആർജെഡിയിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ സജീവമായ സമ്രാട്ട് ചൗധരി, 1999-ൽ റാബ്റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്നു.
2014-ൽ ജെഡിയുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലും മന്ത്രിയായിരുന്നു. പിന്നീടാണ് സാമ്രാട്ട് ചൗധരി ബിജെപി പാളയത്തിലെത്തുന്നത്. 2023 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലുമെത്തി. ബിഹാറിലെ പ്രബല ഒബിസി വിഭാഗമായ കുശ്വാഹ വിഭാഗത്തിൽനിന്നുള്ള നേതാവാണ് സാമ്രാട്ട് ചൗധരി. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാർ പറഞ്ഞു. പുതിയ സർക്കാരിൽ ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.