കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട

കാെച്ചി: കളമശേരി ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ച മൂന്നാം വർഷ വിദ്യാർത്ഥി അനുരാജാണ് പിടിയിലായത്. കൊല്ലം സ്വദേശിയാണ് അനുരാജ്. ഇന്നലെ രാത്രിയാണ് അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പൊലീസ് പരിശോധിക്കും. അനുരാജാണ് കഞ്ചാവ് എത്തിച്ചതെന്ന് മറ്റ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതോടെ ആറുപേരാണ് കേസിൽ പിടിയിലായത്.

അതേസമയം, ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കളമശേരി ഹോസ്​റ്റലിൽ നടക്കുന്നത് ലഹരിയുടെ കൂട്ടു കച്ചവടമാണെന്നാണ് പൊലീസ് പറയുന്നത്. ഹോസ്​റ്റലിൽ ലഹരി ഉപയോഗിക്കുന്നവർ ഒരു ഗ്യാങ് ആണെന്നും വിദ്യാർത്ഥി സംഘടനകൾക്ക് ഹോസ്​റ്റലിനകത്ത് ഒരുതരത്തിലുള്ള സ്വാധീനവുമില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഹോസ്​റ്റൽ മുറിയിൽ വ്യാപകമായി ബീഡികെട്ടുകളും കണ്ടെത്തി. ബീഡിയിൽ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

സംശയമുള്ള സ്ഥലങ്ങളിലെല്ലാം സംയുക്ത പരിശോധന നടത്താൻ മനോജ്എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ലഹരിവിതരണക്കാരുടെയും വില്പനക്കാരുടെയും കാരിയർമാരുടെയും വിവരങ്ങൾ പരസ്പരം കൈമാറും. എക്സൈസ് ചെക്ക്പോസ്റ്റുകളിൽ പൊലീസുമുണ്ടാവും. ലഹരി ഇടപാടുകാരുടെ ഫോൺ ചോർത്തും.മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം നൽകാൻ പോർട്ടലും സജ്ജമാക്കും. എക്സൈസ് കമ്മിഷണർ, ഐ.ജിമാർ, ഡി.ഐ.ജിമാർ, എസ്.പിമാർ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *