മോദിപ്രഭാവത്തില്‍ മുങ്ങി തലസ്ഥാനം

തലസ്ഥാനത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം. ഇന്നലെ കൊച്ചിയിലായിരുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെ 10.20ഓടെയാണ് തിരുവനന്തപുരത്ത് എത്തിയത്. മോദിയെ കാണുന്നതിനായി രാവിലെ മുതല്‍ ആളുകള്‍ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളില്‍ കാത്തുനിന്നിരുന്നു.
വഴിയില്‍ അണിനിരന്ന് നിന്നിരുന്ന ജനങ്ങളെ കൈവീശി കാണിച്ച് റോഡ് ഷോയ്ക്ക് സമാനമായാണ് പ്രധാനമന്ത്രി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയത്. പൂക്കളുമായി കാത്തുനിന്ന ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹനം കടന്നുപോയപ്പോള്‍ പുഷ്പവൃഷ്ടി നടത്തി. മോദിയ്ക്ക് ജയ് വിളിച്ച് ആവേശത്തോടെയുള്ള വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മേയര്‍ ആര്യ രാജേന്ദ്രന്, ശശിതരൂര്‍ എം പി, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്നാണ് വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ കാണാന്‍ സ്റ്റേഷന് പരിസരത്തും ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സ്വീകരിക്കാന്‍ നില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥരോടും കുശലം പറഞ്ഞതിനുശേഷമായിരുന്നു അദ്ദേഹം ഫ്ളാഗ് ഓഫ് ചടങ്ങിനായി വേദിയിലേയ്ക്ക് നീങ്ങിയത്.
തുടര്‍ന്ന് വന്ദേ ഭാരത് ട്രെയിനുള്ളില്‍ കയറിയ അദ്ദേഹം ട്രെയിനിന്റെ സി 2 കോച്ചില്‍ തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ലോക്കോ പൈലറ്റുമാരുമായും സംസാരിച്ചു. ഇതിനുശേഷമാണ് കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.ഇന്നലെ കൊച്ചിയിലും മോദിയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. വെള്ള ജൂബയും സ്വര്‍ണ്ണക്കര മുണ്ടും ഷാളും ധരിച്ച് കൊച്ചിയിലെ റോഡിലൂടെ മലയാളി കാരണവരെപ്പോലെ നടന്നു നീങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനായിരങ്ങള്‍ക്ക് അത്ഭുതവും ആവേശവുമായി മാറിയിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് കാറില്‍ വെണ്ടുരുത്തി പാലത്തിന് സമീപമെത്തിയ മോദി അപ്രതീക്ഷിതമായി റോഡിലിറങ്ങി നടന്നത് ഏവരെയും ഞെട്ടിച്ചു. കൈകൂപ്പി അഭിവാദ്യമര്‍പ്പിച്ച് അരക്കിലോമീറ്ററോളം അദ്ദേഹം നടന്നു. ജനം പുഷ്പവൃഷ്ടി നടത്തിയാണ് ആദരവറിയിച്ചത്