കെ ബി ഗണേശ് കുമാറിന്റെ പരാജയത്തിൽ ആഘോഷം

തിരുവനന്തപുരം: കെ ബി ഗണേശ് കുമാറിന്റെ പരാജയത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ആഘോഷം നടത്തി. പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയാണ് ഗണേശ് കുമാറിനെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു പായസം വച്ചും പടക്കം പൊട്ടിച്ചും തോൽവി ആഘോഷിച്ചത്. കെ ബി ഗണേശ് കുമാർ ഗതാഗതമന്ത്രിയായിരിക്കെ തങ്ങളുടെ മേഖലയെ തകർത്തെന്നും പരാതികൾ കേൾക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ആഘോഷം സംഘടിപ്പിച്ചത്.

സാധാരണക്കാരുടെ സ്ഥാപനങ്ങൾ പൂട്ടിക്കുക എന്നതായിരുന്നു ഗണേശ് കുമാറിന്റെ അജണ്ടയെന്നും ടെസ്റ്റുകളിൽ തങ്ങളുടെ കുട്ടികൾക്ക് വിജയ ശതമാനം കുറയുമ്പോൾ മന്ത്രിയുടെ താല്പര്യപ്രകാരമുള്ള കേന്ദ്രങ്ങളിൽ കൂടുതൽ പേർ പാസാകുകയാണെന്നുമാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും ജീവനക്കാരുടെയും പരാതി.

ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ആറുമാസമായി പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ലെന്നും ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഡ്രൈവിംഗ് സ്കൂളുകാർ പണം പിരിക്കേണ്ട അവസ്ഥയാണെന്നുമാണ് പരാതി. പലതവണ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്നുമാണ് വിമർശനം.