ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പഠാന് സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ഗാനങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി പറഞ്ഞു.
ചിത്രത്തിലെ ഗാനങ്ങളില്‍ അടക്കം ചില ഭാഗങ്ങളില്‍ മാറ്റം വരുത്തി വീണ്ടും സര്ട്ടിഫിക്കേഷന് സമര്‍പ്പിക്കാനാണ് അറിയിച്ചിരിക്കുന്നത്. റീലീസ് അടുത്തിരിക്കെ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് അണിയറപ്രവര്‍ത്തകര്‍ക്ക് കുരുക്കായിരിക്കുകയാണ്.
പത്താനിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രം വിവാദത്തില്‍ പെട്ടത്. ഗാനരംഗത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ ദീപികയുടെ കഥാപാത്രത്തെ, ഷാരൂഖിന്റെ കഥാപാത്രം തഴുകുന്നതാണ് ഒരു വിഭാഗംപേര് വിവാദമാക്കിയത്. ‘ബേഷരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഹിന്ദു നാമധാരിയായ നടി ദീപികയെ, പത്താന് എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്കളങ്കമായി കാണാനാകില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായി.