നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം നൽകിയതിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഇഡി ഓഫീസുകൾ ഉപരോധിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. എഐസി ഓഫീസിന് മുന്നിൽ നിന്ന് ഡൽഹിയിലെ പ്രവർത്തകർ പ്രതിഷേധ മാർച്ചായി ഇഡി ഓഫീസിലെത്തും. കുറ്റപത്രം 25ന് കോടതി പരിഗണിക്കും. രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ വിമർശനം.
നാഷണൽ ഹെറാൾഡ് കേസിൽ സുപ്രീംകോടതിയെ സമീപിക്കുന്നതും കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ഇഡി കുറ്റപത്രത്തിൽ ചുമത്തിയിട്ടുണ്ട്. അഹമ്മദാബാദിൽ എഐസിസി സമ്മേളനം നടന്ന ഏപ്രിൽ ഒമ്പതിനാണ് കുറ്റപത്രം സമർപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റി സുമൻ ദുബെ തുടങ്ങിയവർ കൂട്ടുപ്രതികളാണ്.
അതിനിടെ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇ.ഡി ഇന്നലെ ആറുമണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് വീണ്ടും ഹാജരാകണം.2014ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം. അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 2000 കോടിയിൽപ്പരം വിലമതിക്കുന്ന സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് കോൺഗ്രസ് നേതാക്കൾക്ക് ഓഹരിയുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നത് അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡാണ്. ഉടമസ്ഥാവകാശം യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിനും. 661 കോടിയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.