ആഭ്യന്തര വകുപ്പ് വേണമെന്ന് ചെന്നിത്തല പക്ഷം; കോൺഗ്രസിൽ ചർച്ചകൾ കടുക്കുന്നു

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് വിരാമമായെങ്കിലും, കോൺഗ്രസിനുള്ളിൽ മന്ത്രിസ്ഥാനങ്ങളെയും വകുപ്പുകളെയും ചൊല്ലിയുള്ള തർക്കം മുറുകുന്നു. മുഖ്യമന്ത്രി കസേര ലഭിക്കാതെ പോയതോടെ അതൃപ്തിയിലായ രമേശ് ചെന്നിത്തല പക്ഷം, തങ്ങൾക്ക് ആഭ്യന്തര വകുപ്പ് വേണമെന്ന കർശന നിലപാടിലാണ്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും രമേശ് ചെന്നിത്തലയും ഇന്ന് വീണ്ടും നിർണായക ചർച്ച നടത്തും.
കഴിഞ്ഞ ദിവസം വി.ഡി സതീശൻ ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. പുതിയ മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ നേരിട്ട് അഭ്യർത്ഥിച്ചെങ്കിലും, തനിക്ക് ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് വിജയകരമായി കൈകാര്യം ചെയ്ത പരിചയമുള്ളതിനാൽ, അതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ വികാരം
നേരത്തെ, മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന സൂചനകൾ ചെന്നിത്തല നൽകിയിരുന്നെങ്കിലും, അദ്ദേഹം മന്ത്രിസഭയുടെ ഭാഗമാകണമെന്ന ശക്തമായ നിലപാടിലാണ് യുഡിഎഫിലെ ഘടകകക്ഷികൾ. മുന്നണിയുടെ കരുത്തിനും ഭരണമികവിനും ചെന്നിത്തലയുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഘടകകക്ഷികൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാൻഡും മുതിർന്ന കോൺഗ്രസ് നേതാക്കളും ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് നടക്കുന്ന സതീശൻ ചെന്നിത്തല കൂടിക്കാഴ്ചയോടെ വകുപ്പ് തർക്കത്തിൽ ഒരു അന്തിമ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.