അഴിമതി അവകാശമാക്കിയ ആര്‍ത്തിപണ്ടാരങ്ങളെ നിയന്ത്രിക്കും: മുഖ്യമന്ത്രി

കൊല്ലം: അഴിമതി അവകാശമാണെന്ന് കരുതുന്നവരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി, കില, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച അക്കാദമിക് കൂട്ടായ്‌മ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി സർക്കാർ ഗൗരവമായി കാണുന്നു. ആർത്തിപ്പണ്ടാരങ്ങളായി മാറുന്ന ചിലർ എവിടെയാണ് കഴിയേണ്ടതെന്ന് എല്ലാവർക്കുമറിയാം. എന്തിനും കാശുചോദിച്ചുവാങ്ങാൻ നൈപുണ്യമുള്ള ഒരുകൂട്ടർ തദ്ദേശ സ്ഥാപനങ്ങളിലുണ്ട്. അവർക്കു മുന്നിൽ നിസ്സഹായതയോടെ നിൽക്കേണ്ടവരല്ല ഭരണച്ചുമതലയുള്ളവർ. ഇത്തരം പുഴുക്കുത്തുകളെ നിയന്ത്രിച്ചേ പറ്റൂ.
അഴിമതിക്കെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. വികസന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് നാടും തദ്ദേശസ്ഥാപനങ്ങളും സ്വീകരിക്കുന്നത്. എന്നാൽ, ചിലയിടങ്ങളിൽ മറിച്ചുള്ള നിലപാട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നൂലാമാലകളിൽപ്പെടുത്തി വികസനം മുടക്കുന്നത് നാടിന്റെ താൽപ്പര്യത്തിന് എതിരാണെന്നും ഒരു തദ്ദേശസ്ഥാപനം ഹോട്ടൽ പദ്ധതിക്ക് തടസ്സംതീർത്ത കാര്യം പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.