മുഖ്യമന്ത്രിയുടെ വെബ്പോർട്ടൽ; സര്‍ക്കാര്‍ ഓഫിസുകളിൽ ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിക്കാന്‍ നിര്‍ദേശം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വെബ്പോര്‍ട്ടലിന്‍റെ (സി.എം.ഒ പോര്‍ട്ടല്‍) പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനും പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കുന്നതിനും എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിക്കാന്‍ നിര്‍ദേശം.
സെക്രട്ടേറിയറ്റ് വകുപ്പുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഉന്നതശ്രേണിയിലെ ഉദ്യോഗസ്ഥനെ സി.എം.ഒ പോര്‍ട്ടല്‍ ചാര്‍ജ് ഓഫിസറായി ചുമതലപ്പെടുത്തേണ്ടതാണ്. ഈ ഉദ്യോഗസ്ഥന്‍റെ പേരുവിവരം ഫോണ്‍ നമ്ബര്‍ സഹിതം ഓഫിസിന് പുറത്ത് പരസ്യപ്പെടുത്തണം.
ഇതോടൊപ്പം വിപുലമായ ചുമതലകളാണ് ചാര്‍ജ് ഓഫിസര്‍മാര്‍ക്ക് നിഷ്കര്‍ഷിക്കുന്നത്. പരാതികളില്‍ വേഗത്തിലുള്ള പരിഹാരവും അപേക്ഷകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കലുമടക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെകൂടി നിരീക്ഷണത്തിലാകുന്നു എന്ന പ്രത്യേകതയുമുണ്ട്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ലഭിക്കുന്ന അപേക്ഷകളെയും പരാതികളെയും കുറിച്ച് ഫോണിലും നേരിട്ടുമുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ഉത്തരവാദിത്തം ചാര്‍ജ് ഓഫിസര്‍മാര്‍ക്കാണ്.
ഓഫിസുകളില്‍ നേരിട്ടെത്തുന്നവര്‍ക്കായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം മൂന്നുമുതല്‍ നാലുവരെ സമയം ചാര്‍ജ് ഓഫിസര്‍മാര്‍ വിനിയോഗിക്കണം. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഏപ്രില്‍ 30ന് മുമ്ബ് ചാര്‍ജ് ഓഫിസറെ നിയോഗിക്കണമെന്നും സര്‍ക്കുലറിലുണ്ട്. വകുപ്പ് മേധാവിമാരുടെ ഓഫിസുകളില്‍ തൊട്ട് താഴത്തെ തസ്തികയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാകും ചാര്‍ജ് ഓഫിസറാകുക. സര്‍വകലാശാല, കമ്ബനി, കോര്‍പറേഷന്‍, ബോര്‍ഡ്, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപന മേധാവി നിശ്ചയിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനും.
കലക്ടറേറ്റുകളില്‍ ഡെപ്യൂട്ടി കലക്ടര്‍മാരും സെക്രട്ടേറിയറ്റില്‍ സ്പെഷല്‍ സെക്രട്ടറിയോ ജോയന്‍റ് സെക്രട്ടറിയോ അഡീഷണല്‍ സെക്രട്ടറിയോ നിയമിക്കാനാണ് നീക്കം