നടന് ബാബുരാജിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനം ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതിയെത്തി.
പരാതിക്കാരിയുടെ വെളിപ്പെടുത്തലില്‍ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരന് കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിന്റെ പരാതി. 2019 ല്‍ നടന്ന കുറ്റകൃത്യം വര്‍ഷങ്ങള്‍ക്ക് ശേഷം 2023ല്‍ കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായാണ് യുവതി വ്യക്തമാക്കുന്നത്.
പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ഇപ്പോള്‍ മലപ്പുറം എസ്പി ആയ ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചതില്‍ ക്രിമിനല്‍ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് യുവതി നേരത്തെ പരാതി നല്കാന് തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതാണ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്. അതിനിടെ യുവതിയുടെ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്