പ്രധാനമന്ത്രിയുടെ അഭിസംബോധന; പെരുമാറ്റച്ചട്ട ലംഘനമെന്ന് കോൺഗ്രസ്

തൃശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന പരാതിയുമായി കോൺഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കര കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉൾപ്പടെ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ദൂരദർശനിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ അഭിസംബോധനയിൽ അദ്ദേഹം രാഷ്ട്രീയപരമായ വിമർശനങ്ങൾ ഉന്നയിച്ചുവെന്ന് പരാതിയിൽ പറയുന്നു. രാഷ്ട്രീയ ലാഭത്തിനായി പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെ 59 തവണ പരാമർശിച്ചെന്നും എന്നാൽ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.വനിതാസംവരണ ബിൽ പാസാക്കാൻ പിന്തുണയ്ക്കാത്ത പ്രതിപക്ഷത്തിനു രാജ്യത്തെ സ്ത്രീകൾ മറുപടി നൽകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞത്.
ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മോദി ക്ഷമ ചോദിച്ചു. ഇന്നലെ രാത്രി 8.30 മുതൽ 9 വരെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാളിലും തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ത്രീ വോട്ടർമാരുടെ വികാരം ബി.ജെ.പിക്ക് അനുകൂലമാക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോഴാണ് പ്രധാനമന്ത്രി ഈ വാദം ഉയർത്തിയത്.