തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് നടത്തിയ സമരം നാണംകെട്ട് പിന്‍വലിച്ചു.

തൃശൂർ: കോര്‍പറേഷനില്‍ കോണ്‍ഗ്രസ്‌ നടത്തിയ സമരം നാണംകെട്ട്‌ പിന്‍വലിച്ചു. മേയറുടെ ഡ്രൈവര്‍ കൗണ്‍സിലര്‍മാരെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നും ഇയാളെ മാറ്റുന്നത്‌ വരെ സമരം തുടരുമെന്നുമായിരുന്നു കോണ്‍ഗ്രസ്‌ പ്രഖ്യാപനം. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഒരു തീരുമാനവും ഇല്ലാതെ സമരം അവസാനിപ്പിക്കേണ്ടിവന്നു.

മേയറുടെ ചേംബറില്‍ അതിക്രമിച്ച്‌ കയറി പൊതുമുതലുകള്‍ നശിപ്പിച്ചായിരുന്നു സമരം. രണ്ടു ദിവസവും ചേംബറില്‍ പൂര്‍ണമായും എസി പ്രവര്‍ത്തിപ്പിച്ചായിരുന്നു ‘ധര്‍മസമരം’. മേയറുടെ കാറിനുമുന്നില്‍ കോണ്‍ഗ്രസുകാര്‍ കിടന്ന്‌ ബോധപൂര്‍വം അപകടം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും കാര്‍ നശിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ജനങ്ങള്‍ സമരം തള്ളിക്കളഞ്ഞു.

ജില്ലയിലെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍പോലും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജില്ലയിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ സമരം അവസാനിപ്പിച്ച്‌ തലയൂരാന്‍ നിര്‍ദേശിച്ചത്‌. ഇത്‌ കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ കടുത്ത വാഗ്വാദത്തിന്‌ ഇടയാക്കി. ഒടുവില്‍ മുഖംരക്ഷിക്കാന്‍ മേയറുടെ ഡ്രൈവറെ മാറ്റിയെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ സമരം അവസാനിപ്പിക്കുകയായിരുന്നു.

എല്‍ഡിഎഫ്‌ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ്‌ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടതോടെയാണ്‌ അക്രമസമരങ്ങള്‍ ആരംഭിച്ചത്‌. ബജറ്റ്‌ കൗണ്‍സിലിലും കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ മേയറെ ആക്രമിച്ചു. ചൊവ്വാഴ്‌ച മേയറുടെ കോലവും പെട്രോളുമായാണ്‌ കോണ്‍ഗ്രസ്‌ സംഘം കൗണ്‍സില്‍ ഹാളിലെത്തിയത്‌. യോഗം അവസാനിപ്പിച്ച്‌ മേയര്‍ ചേംബറിലേക്ക്‌ പോയപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ശരീരത്തിലേക്ക്‌ ദ്രാവകം ഒഴിച്ചു. പിന്നീടാണ്‌ കാറിനുമുന്നില്‍ കിടന്ന്‌ അപകടം സൃഷ്ടിക്കാന്‍ ശ്രമിച്ചത്‌.

മേയറെ രക്ഷിക്കാന്‍ ശ്രമിച്ച നാല്‌ എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ക്ക്‌ പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ്‌ കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറില്‍ സമര നാടകം ആരംഭിച്ചത്‌. മേയറെ തീ കൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പേരില്‍ കൗണ്‍സിലര്‍മാരായ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, എ കെ സുരേഷ്, ശ്രീലാല്‍ ശ്രീധര്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *