കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിച്ച പതാകകളുമായി സിപിഎം പ്രവർത്തകരുടെ ആഘോഷം. കൂത്തുപറമ്പ് – കണ്ണൂർ റോഡിൽ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തൻ മഠം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രം പതിച്ച കൊടികളുമായി യുവാക്കൾ ആഘോഷപ്രകടനം നടത്തിയത്.
കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിൽ ആയിരുന്നു പ്രവർത്തകരുടെ ആവേശപ്രകടനം. പതാകകൾ വീശുന്നതിനൊപ്പം പ്രതികളെ പ്രകീർത്തിക്കുന്ന വാഴ്ത്തുപാട്ടുകളും മുദ്രാവാക്യങ്ങളും ഉയർന്നുകേട്ടു. കണ്ണൂരിൽ ഉത്സവങ്ങളോടും മറ്റും അനുബന്ധിച്ച് പാർട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികൾ സാധാരണയാണെങ്കിലും കൊലപാതക കേസിൽ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായി പ്രകടനം നടത്തുന്നത് ഇത് ആദ്യമാണ്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരജ്, ടിപി കേസ് പ്രതി ടിവി രജീഷ്, യോഗേഷ്, ഷംജിത്ത് എന്ന ജിത്തു, സജീവൻ, പ്രഭാകരൻ, പത്മനാഭൻ, രാധാകൃഷ്‌ണൻ എന്നിവരടക്കം ഒമ്പത് പേരെയായിരുന്നു സൂരജ് വധക്കേസിൽ കോടതി ശിക്ഷിച്ചത്.2005 ഓഗസ്റ്റ് ഏഴിന് മുഴപ്പിലങ്ങാട് ബീച്ചിൽ വച്ചാണ് സിപിഎം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുമ്പും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിച്ചത്. കൊല്ലപ്പെടുമ്പോൾ സൂരജിന് 32 വയസായിരുന്നു. തുടക്കത്തിൽ പത്തുപേർക്കെതിരെയാണ് കേസെടുത്തിരുന്നതെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായൺ.