കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ ജീവനൊടുക്കിയ സംഭവം; പൊലീസുകാരനെതിരെ നടപടി

പത്തനംതിട്ട: കസ്റ്റഡി മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പത്തനംതിട്ട കോയിപ്രം സിഐയെ സസ്‌പെന്‍ഡ് ചെയ്തു. കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനം ഏറ്റെന്ന കണ്ടെത്തലിലാണ് നടപടി.

കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ച പത്തനംതിട്ട വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മര്‍ദനം സ്ഥിരീകരിച്ചതോടെയാണ് കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.പത്തനംതിട്ട വരയന്നൂര്‍ സ്വദേശി കെ എം സുരേഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കഞ്ചാവ് ബീഡി വലിച്ചതിന് മാര്‍ച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്.

മാര്‍ച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 22 നാണ് സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ദേഹത്താകെ ചൂരല്‍ കൊണ്ട് അടിയേറ്റ രീതിയില്‍ ചതവുകള്‍ ഉണ്ടായിരുന്നു. മര്‍ദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പൊലീസ് എഫ്‌ഐആറില്‍ മാറ്റം വരുത്തിയില്ല. വീട്ടില്‍ നിന്നും അകലെ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് സഹോദരന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *