ന്യൂഡല്‍ഹി: ‘ആസാദ് കാശ്മീര്‍’ പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചെന്ന വാര്‍ത്തയില്‍ മലയാള മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കണമെന്ന് ഡല്‍ഹി കോടതി. തെറ്റായ വാര്‍ത്ത തിരുത്തി ഖേദപ്രകടനം പ്രസിദ്ധപ്പെടുത്തി സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ്, 24 ന്യൂസ്, മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്കാണ് കോടതി നിര്‍ദേശം.
തെറ്റായ വാര്‍ത്തകളെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് ഡല്‍ഹി കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതി റിപ്പോര്‍ട്ടിംഗില്‍ വന്ന ജാഗ്രതക്കുറവ് കോടതി അലക്ഷ്യമുള്പ്പടെയുള്ള കേസുകള്‍ക്ക് കാരണമാകുമെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജിത് സിംഗ് ജസ്വാള് നല്കി. ആരെങ്കിലും പറയുന്നത് കേട്ട് വാര്‍ത്ത നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചത്.