ഹോണ്‍ മുഴക്കിയെന്നാരോപിച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വീഴ്ചയ്‌ക്കെതിരെ വകുപ്പ്തല നടപടി ;കരമന എഎസ്ഐ മനോജിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം നിറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കരമന എഎസ്ഐ മനോജിനെ സസ്പെന്‍ഡ് ചെയ്തു. എസ്ഐ സന്തുവിനെതിരെ വകുപ്പുകതല നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാറാണ് നിര്‍ദ്ദേശം നല്‍കിയത്. സംഭവം നടന്നയുടന്‍ പരാതിക്കാരനായ നെയ്യാറ്റിന്‍കര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപ്കുമാര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് നടപടിയുമായി പോലീസ് മുന്നോട്ടിറങ്ങിയത്.

കൊഞ്ചിറവിള സ്വദേശികളായ അഷ്‌കറും അനീഷും ട്രാഫിക് സിഗ്നലില്‍ വെച്ച് ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസിന്റെ വീഴ്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പിടികൂടാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണറോടും ഫോര്‍ട്ട് അസി. കമ്മീഷണറോടും സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *