‘ആടിനെ പട്ടിയാക്കാൻ നോക്കണ്ട’! പിഎം ശ്രീ പദ്ധതി, കേരളം ഒരു രൂപ പോലും വാങ്ങിയിട്ടില്ല; വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, ഇതിനായി സർക്കാർ ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള തൊടുനായങ്ങൾ പറയുകയാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. കേരളത്തിൽ പിഎം ശ്രീ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഈ യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ട് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടന്നപ്പോഴാണ് പിഎം ശ്രീ ധാരണാപത്രം മരവിപ്പിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ ഒരു നിലപാടും ഭരണപക്ഷത്തെത്തിയപ്പോൾ മറ്റൊരു നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ നയം തന്നെ വലിയ പ്രശ്നങ്ങൾ നിറഞ്ഞതാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.