‘സഭയിൽ തലങ്ങും വിലങ്ങും നടക്കരുത്’; പുതിയ എംഎൽഎമാർക്ക് ചട്ടം പഠിപ്പിക്കാൻ സ്പീക്കറുടെ പ്രത്യേക റൂളിംഗ്

നിയമസഭയിൽ പാലിക്കേണ്ട കൃത്യമായ മര്യാദകളെയും ചട്ടങ്ങളെയും കുറിച്ച് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പ്രത്യേക റൂളിംഗ് പുറപ്പെടുവിച്ചു. സഭയിലെ മുതിർന്ന അംഗങ്ങൾ കാണിക്കുന്ന മാതൃകാപരമായ പെരുമാറ്റരീതികൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 71 അംഗങ്ങളും അതേപടി പിന്തുടരണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. നിയമസഭയുടെ ആദ്യദിനങ്ങളിൽ പല പുതിയ അംഗങ്ങളും അതീവ സ്വാതന്ത്ര്യത്തോടെയാണ് ഇടപെട്ടതെന്നും, സ്പീക്കറുടെ ചെയറിന് മുഖം മറച്ചുനിൽക്കുന്നതും സഭയ്ക്കുള്ളിൽ തലങ്ങും വിലങ്ങും നടക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് അംഗങ്ങളെ സഭാ ചട്ടങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി സ്പീക്കർ നേരിട്ട് രംഗത്തിറങ്ങിയത്.
പുതിയ ജനപ്രതിനിധികളെ സഭാനടപടിക്രമങ്ങൾ പഠിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന 17-ാം തീയതി പ്രത്യേക സെമിനാർ സംഘടിപ്പിക്കുമെന്നും സ്പീക്കർ അറിയിച്ചു. നിയമസഭയിൽ വെച്ച് നടക്കുന്ന ഈ സുപ്രധാന സെമിനാറിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്ത് സംസാരിക്കും. സഭയുടെ അന്തസ്സും പ്രൗഢിയും കാത്തുസൂക്ഷിക്കാൻ എല്ലാ അംഗങ്ങളും ഒരേമനസ്സോടെ സഹകരിക്കണമെന്നും മര്യാദകൾ ലംഘിക്കുന്ന നടപടികൾ ഇനിമുതൽ അനുവദിക്കില്ലെന്നും സ്പീക്കർ റൂളിംഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.