ഡോ. ആര്‍.ബാലശങ്കറിന് ദേശീയ പുരസ്‌കാരം

മദ്ധ്യപ്രദേശ് സംസ്ഥാന സർക്കാർ ദേശീയതലത്തിൽ മാധ്യമ —  ഗ്രന്ഥരചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള  അതിവിശിഷ്ട പുരസ്‌കാരമായ ” മഹർഷി വേദവ്യാസ രാഷ്ട്രീയ സമ്മാൻ ”  ഡോക്ടർ ആർ. ബാലശങ്കറിന് നൽകാൻ തീരുമാനിച്ചു. മദ്ധ്യപ്രദേശ് സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിൽ നിന്നും ഇതു സംബന്ധിച്ച് ഉത്തരവായി.
2020-21വർഷത്തെ പുരസ്‌കാരമാണ് ഡോക്ടർ ആർ.ബാലശങ്കറിന് നൽകാൻ മദ്ധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് മദ്ധ്യപ്രദേശ് സർക്കാർ നൽകുന്നത്. ഭോപ്പാലിലെ രവീന്ദ്ര ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പുരസ്കാരം സമ്മാനിക്കും. മധ്യപ്രദേശ് സർക്കാർ നാൽപ്പത് വർഷങ്ങൾക്ക് മുൻപാണ് ഈ പുരസ്‌കാരം ആദ്യമായി ഏർപ്പെടുത്തിയത്. രാജ്യത്തെ പല പ്രമുഖർക്കും ഇതിനോടകം ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 
രാജ്യത്തെ മുതിർന്ന  മാധ്യമപ്രവർത്തകനും ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ  രചയിതാവുമായ ഡോക്ടർ ബാലശങ്കറിൻ്റെ  ഈ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്ത് മദ്ധ്യപ്രദേശ് സംസ്ഥാന സർക്കാരിൻ്റെ സാംസ്കാരിക വകുപ്പ് നിയോഗിച്ച  പുരസ്‌കാര നിർണ്ണയസമിതി ഏകകണ്ഠമായിട്ടാണ്  ബാലശങ്കറിന്  മഹർഷി വേദവ്യാസ ദേശീയ  പുരസ്‌കാരം നൽകാൻ തീരുമാനമെടുത്തത്.
നാല് ദശാബ്ദക്കാലത്തെ മാധ്യമം പ്രവർത്തന പരിചയമുള്ള ഡോക്ടർ ആർ. ബാലശങ്കർപ്രമുഖ ദേശീയ ദിനപത്രങ്ങളിലും വാരികകളിലും പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചിചുണ്ട് .   ഇന്ത്യൻ എക്സ്പ്രസ്, എക്കണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്, ഓൺലുക്കർ, ഫ്രീപ്രസ്സ്ജേണൽ, പ്രോബ്, ദി വീക്ക്, ഓർഗനൈസർ തുടങ്ങി ഒട്ടേറെ മാധ്യമങ്ങളിൽ സേവനമനുഷ്ഠിച്ചു.2004 മുതൽ 2013വരെ പതിനൊന്നുവർഷക്കാലം ഓർഗനൈസർ വാരികയുടെ പത്രാധിപരായിരുന്നു.
വിദ്യാഭ്യാസരംഗത്ത് ഏറ്റവുമധികം പൊളിച്ചെഴുത്തുകളും പരിഷ്ക്കാരനടപടികളും നടന്നകാലഘട്ടമായ 1998 മുതൽ 2004വരെ അടൽബിഹാരിവാജ്പേയ് നയിച്ച എൻ.ഡി.എ സർക്കാരിന്റെ ഭരണകാലത്ത് ബിജെപിയുടെ മുതിർന്ന നേതാവായ ഡോ.മുരളീമനോഹർ ജോഷിക്കായിരുന്നു മാനവവിഭവശേഷി വകുപ്പ് മന്ത്രാലയത്തിൻ്റെ ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ അണിയറ ശില്പികളിൽ പ്രധാനി ഡോ.ആർ.ബാലശങ്കറായിരുന്നു. മുരളീമനോഹർജോഷിയുടെ അഡ്വൈസർ എന്നനിലയിൽ മന്ത്രാലയത്തിന്റെ നിർണ്ണായകതീരുമാനങ്ങളിൽ ഡോ. ആർ.ബാലശങ്കർ പങ്കാളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *