20 വർഷത്തെ ജയിൽവാസത്തിന് അവസാനം; ബലിപെരുന്നാൾ ദിനത്തിൽ അബ്ദുൾ റഹീം ജന്മനാട്ടിലെത്തി

കോഴിക്കോട്: 20 വർഷത്തെ ജയിൽ വാസത്തിനുശേഷം കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൾ റഹീം ബലിപെരുന്നാൾ ദിനത്തിൽ ജന്മനാട്ടിലെത്തി. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. നിറകണ്ണുകളോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ റഹീമിനെ കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുണ്ടായിരുന്നു. ഇവർക്കൊപ്പം ആക്ഷൻ കൗൺസിൽ അംഗങ്ങളും ബോബി ചെമ്മണ്ണൂരും ചേർന്നാണ് റഹീമിനെ സ്വീകരിച്ചത്.
ഇക്കഴിഞ്ഞ 19നാണ് റഹീമിന്റെ 20 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയായത്. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുൾ റഹീം ജയിലിലായത്.
മനഃപൂർവമല്ലാത്ത പിഴയാലാണ് മരണമെന്ന് വ്യക്തമായെങ്കിലും 2012ൽ അബ്ദുൽ റഹീമിനെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ രൂപ) ദയാധനം നൽകിയതിനെ തുടർന്ന് കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു. മറ്റ് വകുപ്പുകളിൽ അബ്ദുൾ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. അതാണ് മേയ് 19ന് അവസാനിച്ചത്.